കൊച്ചി∙ ലോക കപ്പ് ക്രിക്കറ്റിൽ വിജയിച്ച ഓസ്ട്രേലിയൻ ടീമിനും റണ്ണർ അപ്പായ ഇന്ത്യയ്ക്കും ബാക്കി എല്ലാ ടീമുകൾക്കുമായി കിട്ടിയ സമ്മാന തുക ഒരു കോടി ഡോളർ–83 കോടി രൂപ! പക്ഷേ ആരു ജയിക്കുമെന്നതിൽ വാതുവയ്പു നടത്തിയവർ മുംബൈ സട്ടാ (വാതുവയ്പ്) വിപണിയിൽ മുടക്കിയതായി കണക്കാക്കുന്ന തുക 70000 കോടി!
വാതുവയ്പ് വിപണിയിൽ നേരത്തേ പ്രതീക്ഷിച്ചിരുന്നത് അതിന്റെ പാതി തുക മാത്രമായിരുന്നു. ക്രിക്കറ്റ് ഫൈനലിന്റെ ആവേശവും പിരിമുറുക്കവും വിജയ പ്രതീക്ഷയും പാരമ്യത്തിലെത്തിയപ്പോൾ ബെറ്റ് തുകയും ഇരട്ടിയായി. ഇന്ത്യ നിഷ്പ്രയാസം ജയിക്കുമെന്നായിരുന്നു സട്ടാ ക്രിക്കറ്റ് ബസാറിന്റെ പ്രവചനം. ഇന്ത്യയ്ക്ക് ഗൂഗിൾ, 70% വിജയ സാധ്യത പ്രവചിച്ചു. ആര് ആദ്യം ബാറ്റ് ചെയ്താലും ഇന്ത്യ ജയിക്കുമെന്ന് ക്രിക്ക് ട്രാക്കർ.
അതിനാൽ ബഹുഭൂരിപക്ഷം പേരും വാതു വച്ചത് ഇന്ത്യൻ ജയത്തിന്. ആരു ജയിച്ചാലും തോറ്റാലും അതിന്റെ നടത്തിപ്പുകാരായ ബുക്കികൾക്ക് കമ്മിഷൻ കിട്ടും. 2%–3% വരും കമ്മിഷൻ. വിജയിച്ചവർക്കു പണം കൊടുക്കേണ്ടതും ബുക്കികളുടെ ചുമതലയാണ്.
ഇന്ത്യ ജയിക്കുമെന്നു വാതുവയ്പ് നടത്തിയവർക്കു പണം പോയെന്നു പറയാമെങ്കിലും സാങ്കേതികമായി ശരിയാവണമെന്നില്ല. മിക്കവരും രണ്ട് വശത്തും വാതു വയ്ക്കും. അതിനവർക്കൊരു അനുപാതവും കാണും. ഉദാഹരണത്തിന് ഇന്ത്യ ജയിക്കുമെന്ന് 100 രൂപയ്ക്കു വാതുവച്ചെങ്കിൽ ഓസ്ട്രേലിയ ജയിക്കുമെന്ന് 90 രൂപയ്ക്കും വാതുവയ്ക്കും. അങ്ങനെ അവർ മുടക്കിയ തുക ഏതാണ്ടു സുരക്ഷിതമാക്കും.
ഓൺലൈൻ വാതുവയ്പിന് ഒട്ടേറെ സൈറ്റുകളുണ്ട്. ബെറ്റ്എംജിപി, ബെറ്റ്‌വിന്നർ,ബെറ്റ്ഷാ, ഹാപ്പിലക്കി എന്നിങ്ങനെ. അതിൽ അക്കൗണ്ട് തുറന്ന് ആദ്യം നിശ്ചിത തുക നിക്ഷേപിച്ച് വാതുവയ്പ് നടത്തുകയാണ്. 10 ഡോളർ (833 രൂപ) മിനിമം ബെറ്റ് തുകയാണ് മിക്ക സൈറ്റുകൾക്കും.
ലോക കപ്പിനെക്കാൾ ബെറ്റിങ് നടക്കുന്നത് ഐപിഎൽ കളിയിലാണ്. കളി തുടങ്ങിയാലും ടോസ് മുതൽ അവസാന ബോൾ വരെ പലതിലും വാതുവയ്പു തുടരും. സംസ്ഥാനങ്ങളിലും ലോക്സഭയിലേക്കും ഇലക്‌ഷൻ നടക്കുമ്പോഴും സട്ടാ ബസാർ സജീവമാണ്. പരുത്തിയുടെ നിത്യേനയുള്ള ഓപ്പണിങ്, ക്ലോസിങ് വിലയിൽ പോലും വാതുവയ്ക്കാം.
പക്ഷേ, സട്ടാ നിയമ വിരുദ്ധമാണ്. സൈറ്റുകൾ വിദേശത്ത് റജിസ്റ്റർ ചെയ്യുന്നു. ഇന്ത്യൻ സട്ടാ വിപണിയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയാണെന്നാണ് അനുമാനം.
English Summary: